യുഗപ്രഭാവനായ പരിശുദ്ധ സാഖാ പ്രഥമന്‍ ബാവായുടെ ഒന്നാം ദുഖ്‌റോനോ മാര്‍ച്ച് 22 ഞായറാഴ്ച പുത്തന്‍കുരിശില്‍

Share on Facebook

 

source : JSCNEWS

പുത്തന്‍കുരിശ്: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ 122-ാം പരമമേലദ്ധ്യക്ഷനും ദൃശ്യതലവനും, പരിശുദ്ധ പത്രോസ് അപ്പോസ്‌തോലന്റെ 121-ാം പിന്‍ഗാമിയും, അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പാത്രിയര്‍ക്കീസുമായിരുന്ന മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ ബാവായുടെ 1മത് ദുഖ്‌റോനോ മാര്‍ച്ച് 22 ഞായറാഴ്ച പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ആചരിക്കും. പരിശുദ്ധ പിതാവിന്റെ നാമധേയത്തിലുള്ള സഭാ കേന്ദ്രമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മോര്‍ അത്താനാസ്സിയോസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനക്കും ദുഖ്‌റോനോ ശുശ്രൂഷകള്‍ക്കും ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മ്മീകത്വം വഹിക്കും. പരിശുദ്ധ സഭയിലെ അഭിവന്ദ്യരായ മെത്രാപ്പൊലീത്തന്മാര്‍ സഹകാര്‍മ്മീകരാകും. മാര്‍ച്ച് 22 ഞായറാഴ്ച രാവിലെ 7 മണിക്ക് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും പ്രത്യേക ധൂപപ്രാര്‍ത്ഥനയും നടക്കും. വിശുദ്ധ കുര്‍ബ്ബാനക്കും ശുശ്രൂഷകള്‍ക്കും ശേഷം കത്തീഡ്രലില്‍ ചേരുന്ന അനുസ്മരണ യോഗം ശ്രേഷ്ഠ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പരിശുദ്ധ പിതാവിന്റെ നാമത്തിലുള്ള നേര്‍ച്ചയും ഉണ്ടായിരിക്കും. ഒരു വര്‍ഷം മുന്‍പ് 2014 മാര്‍ച്ച് 21-ാം തിയതി ജര്‍മ്മനിയിലെ കെയ്‌ലില്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പരിശുദ്ധ പിതാവ് കാലം ചെയ്തത്.

സ്തുതി ചൊവ്വാക്കാപ്പെട്ട പരിശുദ്ധ സുറിയാനി സഭക്ക് അനേകം വിശുദ്ധന്മാരെ പ്രദാനം ചെയ്ത ഭൂമിയായ ഇറാഖിലെ മൂസല്‍ പട്ടണത്തില്‍ 1933 ഏപ്രില്‍ 21 ന് പരിശുദ്ധ ബാവ ജനിച്ചു. സന്‍ഹരിബ് എന്നായിരുന്നു ബാല്യത്തിലെ നാമം. പ്രാഥമീക വിദ്യാഭ്യാസത്തിനു ശേഷം 1946-ല്‍ ദൈവശാസ്ത്ര പഠനത്തിനായി മൂസലിലെ തന്നെ മോര്‍ എഫ്രേം സെമിനാരിയില്‍ ചേര്‍ന്നു ‘സാഖാ’ എന്ന പേര് സ്വീകരിച്ചു. മോര്‍ എഫ്രേമിലെ പഠനകാലം പരിശുദ്ധ പിതാവിനെ ദൈവം അവിടുത്തെ പരിശുദ്ധ സഭക്ക് വേണ്ടി വിളിച്ച് എഴുന്നേല്‍പ്പിച്ച കാലമായിരുന്നു.

മോര്‍ എഫ്രേം സെമിനാരിയില്‍ ചേര്‍ന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ 15-ാം വയസ്സില്‍ കൊറൂയൂ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. 1953-ല്‍ യൗഫദ്യാക്കിനോ സ്ഥാനത്തേക്കും 1955-ല്‍ മ്ശംശോനോ സ്ഥാനത്തേക്കും ഉയര്‍ത്തപ്പെട്ടു. ഇതിനിടെ പരിശുദ്ധ പിതാവ് അന്നത്തെ പരിശുദ്ധ പാത്രിയര്‍ക്കീസ് ആയിരുന്ന ഇഗ്‌നാത്തിയോസ് അഫ്രാം ബര്‍സൗം ബാവായുടെ സെക്രട്ടറി ആയി പാത്രിയര്‍ക്കാ ആസ്ഥാനത്തേക്ക് പോയി.

1957 നവംബര്‍ 17 ന്, ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ യാക്കോബ് തൃതീയന്‍ ബാവ ശെമ്മാശാനായിരുന്ന ‘സാഖാ’യെ കാശ്ശീശ സ്ഥാനത്തേക്ക് ഉയര്‍ത്തി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം കര്‍ത്താവിന്റെ വേലക്കായി തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചു വിശുദ്ധ സ്ലീബായേന്തി ‘റമ്പാന്‍’ സ്ഥാനത്തേക്ക് ഉയര്‍ന്നു.

1963 നവംബര്‍ 17-ാം തിയതി പരിശുദ്ധ ഇഗ്‌നാത്തിയോസ് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായാല്‍ മൂസലിന്റെ മെത്രാപ്പോലീത്ത ആയി സ്ഥാനാരോഹിതനായി. ‘സേവേറിയോസ്’ എന്ന എപ്പിസ്‌കോപ്പല്‍ നാമധേയമാണ് അദ്ദേഹം സ്വീകരിച്ചത്. 1969-ല്‍ മോര്‍ തോമാശ്ലീഹായുടെ വിശുദ്ധ തുരുശേഷിപ്പുകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ എപ്പിസ്‌കോപ്പല്‍ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളില്‍ ഒന്നായിരുന്നു.

1980 ജൂണ്‍ 25 ന് പരിശുദ്ധ യാക്കോബ് തൃതീയന്‍ ബാവ കാലം ചെയ്തതിനെതുടര്‍ന്ന് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അപ്പോള്‍ ബാഗ്ദാദ് ആര്‍ച്ച് ബിഷപ്പ് ആയിരുന്ന മോര്‍ സേവേറിയോസിനെ ‘ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ ഇവാസ്’ എന്ന നാമധേയത്താല്‍ പാത്രിയര്‍ക്കീസ് ആയി തെരഞ്ഞെടുത്തു. കാലം ചെയ്ത പുണ്യശ്ലോകനായ, കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന ആബൂന്‍ മോര്‍ ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായാല്‍ അതെ വര്‍ഷം സെപ്റ്റംബര്‍ 14 ന് ‘പാത്രിയര്‍ക്കീസ്’ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു.

പരിശുദ്ധ സുറിയാനി സഭയെ അതിന്റെ ആത്മീയവും ഭൗതീകവുമായ മേഖലകളില്‍ സുവര്‍ണ്ണരഥങ്ങളില്‍ എറ്റിയ പരിശുദ്ധ പിതാവ് 1980 സെപ്റ്റംബര്‍ 14 മുതല്‍ കാലം ചെയ്ത 2014 മാര്‍ച്ച് 21 വരെ പരിശുദ്ധ സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളി. ക്രൈസ്തവ വിദ്യാഭ്യാസം, ചരിത്രം, സുറിയാനി സംസ്‌കാരം, ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അനേക പുസ്തകങ്ങള്‍ രചിച്ച മോറാന്‍ വിവിധങ്ങളായ പൗരസ്ത്യ-പാശ്ചാത്യ അക്കാദമികളില്‍ അംഗമായിരുന്നു. സിറിയായിലെ മാറാത് സെയ്ദനായയിലുള്ള മോര്‍ അഫ്രേം ദയറാ പരിശുദ്ധ പിതാവിന്റെ ഭരണനിപുണതയുടെയും കാര്യദര്‍ശനത്തിന്റെയും ജീവിക്കുന്ന തെളിവാണ്. ആഗോള കത്തോലിക്കാ സഭ ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സഭകളുമായി ഗാഡമായ ബന്ധം പുലര്‍ത്തിയിരുന്ന പരിശുദ്ധ ബാവാ എക്ക്യുമെനിക്കല്‍ രംഗങ്ങളിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു. വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചേസ് അധ്യക്ഷ പദവി ദീര്‍ഘനാളുകള്‍ അദ്ദേഹം അലങ്കരിച്ചു.

മലങ്കരയിലെ പരിശുദ്ധ സഭയേയും ഇവിടുത്തെ സഭാ പിതാക്കന്മാരേയും വിശ്വാസികളേയും അതിരറ്റ് സ്‌നേഹിച്ച പരിശുദ്ധ പിതാവായിരുന്നു മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ ഇവാസ് പാത്രിയര്‍ക്കീസ് ബാവ. 2002 ജൂലൈ 26 ന് മാറാത് സെയ്ദനായയിലെ മോര്‍ എഫ്രേം ദയറായില്‍ വെച്ച് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായെ ഇന്ത്യയുടെ കാതോലിക്കാ ആയി വാഴിച്ച പരിശുദ്ധ പിതാവ് ശ്രേഷ്ഠ ബാവയെ ജീവന് തുല്യം സ്‌നേഹിച്ചു. പരിശുദ്ധ പിതാവും ശ്രേഷ്ഠ പിതാവും ഒരുമിച്ച് പരിശുദ്ധ സഭയെ നയിച്ച കാലഘട്ടം സുറിയാനി സഭയുടെ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ടു, സമാനതകളില്ലാത്ത രീതിയില്‍ അന്ത്യോഖ്യാ-മലങ്കര ബന്ധം ഊഷ്മളമായി, അപ്പോസ്‌തോലീക വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ മലങ്കരയിലെക്ക് എഴുന്നള്ളി ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യപിതാക്കന്മാരുടെ പ്രാര്‍ത്ഥനയുടെ ഫലം എന്നോണം മലങ്കരയിലെ സത്യവിശ്വാസികളുടെ കൂട്ടമായ പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ വളര്‍ന്ന് പന്തലിച്ചു! 1982, 2000, 2004, 2008 എന്നിങ്ങനെ നാല് തവണ പരിശുദ്ധ പിതാവ് വിശുദ്ധ ശ്ലൈഹീക സന്ദര്‍ശനത്തിനായി ഭാരതത്തിലെത്തി. മാലാഖാ സദൃശമായ മുഖവും നിറഞ്ഞചിരിയുമായി ലക്ഷക്കണക്കായ വിശ്വാസികളുടെ മനസ്സുകളില്‍ അപ്പോസ്‌തോലന്‍ പൈതൃക വാത്സല്യത്തോടെ നിറഞ്ഞു.

ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ആക്രമണങ്ങളും, തുടരെ തുടരെയുള്ള ക്രൈസ്തവ വംശഹത്യയും ‘വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ തളര്‍ത്തിയ മോറാന് സിറിയയില്‍ നില്‍ക്കുന്നതിനും ചികിത്സ തേടുന്നതിനും തടസ്സമായി. സിറിയായിലെയും ഇറാഖിലേയും വിശ്വാസി സമൂഹം നേരിട്ട കൊടിയ പീഡകള്‍ പരിശുദ്ധ പിതാവിന്റെ മനസ്സിനെ ഏറെ വേദനിപ്പിച്ചു 2014 ഫെബ്രുവരി 20-ാം തിയതി ജര്‍മ്മനിയിലെ കെയ്‌ലില്‍ ചികിത്സക്കായി പ്രവേശിപ്പിക്കപ്പെട്ട പരിശുദ്ധ ബാവ ഒരു മാസത്തിനു ശേഷം മാര്‍ച്ച് 21 ന് പ്രാണന്‍ വെടിഞ്ഞു, അബ്രാഹാമ്യ മടിത്തട്ടിലേക്ക് യാത്രയായി. മാറാത് സെയ്ദനായയിലെ മോര്‍ എഫ്രേം ദയറായില്‍ കബറടക്കപ്പെട്ടു. പരിശുദ്ധ പിതാവിന്റെ കബറടക്ക ശുശ്രൂഷകള്‍ക്ക് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മ്മീകനായി. ശുശ്രൂഷകള്‍ക്കിടെ ശ്രേഷ്ഠ ബാവാ വിതുമ്പുന്ന രംഗങ്ങള്‍ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ മനസ്സുകളെയും മിഴികളേയും ഈറനണിയിച്ച കാഴ്ചകളാണ്. എന്താണ് അന്ത്യോഖ്യാ-മലങ്കര ബന്ധം എന്നതിന്റെ നേര്‍ചിത്രമായിരുന്നു ആ കാഴ്ച!

പരിശുദ്ധ പിതാവ് ഇന്ന് ഈ ലോകത്തില്ലെങ്കിലും അദ്ദേഹം ചൊരിഞ്ഞ സ്‌നേഹത്തിന്റെ നൈര്‍മ്മല്യമുള്ള നനവ് ലോകമെമ്പാടുമുള്ള സുറിയാനി ക്രിസ്ത്യാനികളുടെ മനസ്സുകളില്‍ ഇന്നും ഉണങ്ങാതെ നിലകൊള്ളുന്നു. അവിടുത്തെ ആത്മാവിന് നിത്യശാന്തിയായിരിക്കട്ടെ!

source : JSCNEWS

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>